കണ്ണൂരില്‍ 23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമായി. പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പതാക ഉയർത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട് യെച്ചൂരിയും സംഘടനാ റിപ്പോര്‍ട്ട് പ്രകാശ് കാരാട്ടും അവതരിപ്പിക്കും.
പ്രതിനിധി സമ്മേളനം നായനാര്‍ അക്കാദമിയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് നടക്കുന്നത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ അഭിവാദ്യം ചെയ്യും. പിബി അംഗങ്ങളും,പ്രതിനിധികളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളും,നിരീക്ഷകരും ഉള്‍പ്പെടെ 812 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. വൈകുന്നേരം നാല് മണിക്കാണ് രാഷ്ട്രീയപ്രമേയ അവതരണം. അഞ്ച് നാള്‍ നീളുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം 10ാം തിയതി ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും.
ബിജെപിക്കെതിരെ ദേശീയ ബദല്‍ രൂപികരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തുടക്കമിടും. കോണ്‍ഗ്രസ് ഒഴികെയുള്ള പ്രാദേശിക പാര്‍ട്ടികളെ കൂടെ നിര്‍ത്താനാണ് സിപിഎം ലക്ഷ്യം.