നോക്കുകൂലി, ചുമട്ട് തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്ന് ഹൈക്കോടതി

0
23

സംസ്ഥനത്തെ നോക്കുകൂലി വിഷയത്തിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. ചുമട്ട് തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി പറഞ്ഞു. നിയമഭേദഗതി സംബന്ധിച്ച് നിലപാടറിയിക്കാൻ സർക്കാരിനോട് നിർദ്ദേശം നൽകി. നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടുത്ത മാസം 8ന് ഹർജി വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.

നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂനിയനുകൾക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി പൊലീസിനും നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. നോക്കുകൂലി എന്ന വാക്ക് സംസ്ഥാനത്ത് കേൾക്കരുതെന്നാണ് മൂന്ന് ആഴ്ച മുൻപ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു.

നോക്കുകൂലി സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനിലേക്കും നിർദേശം നൽകണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. നോക്കുകൂലി വാങ്ങുന്നവർക്കെതിരെ കർശന വ്യവസ്ഥകൾ പ്രകാരം ഗുരുതരകുറ്റത്തിന് കേസെടുക്കണമെന്നും കോടതി നിർദേശം നൽകി. നോക്കുകൂലി പ്രത്യക്ഷമായോ പരോക്ഷമായോ വാങ്ങാനുള്ള ഏത് ശ്രമത്തെയും ഭീഷണിപ്പെടുത്തി പണംവാങ്ങലായി പരിഗണിക്കണമെന്നായിരുന്നു ഈ മാസം തുടക്കത്തിൽ അറിയിച്ചത്.