പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോള്‍( 72) അന്തരിച്ചു. രോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങള്‍ ജോണ്‍പോളിന്റെ തൂലികയില്‍ വിരിഞ്ഞവയാണ്.
കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറിയായിരുന്നു. ദേശീയ അന്തര്‍ദേശീയപുരസ്‌കാരങ്ങള്‍ നേടിയ ‘ഒരു ചെറുപുഞ്ചിരി’ എന്ന എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാണം ജോണ്‍പോള്‍ ആയിരുന്നു.