നടിയെ ആക്രമിച്ച കേസ്; അന്വേഷണം ഉടന്‍ അവസാനിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍

0
16

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വേഗത്തിൽ അവസാനിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍. ആക്രമിക്കപ്പെട്ട നടി പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ സമയം ആവശ്യപ്പെടും. നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിലപാട് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഇന്ന് ഇടക്കാല ഉത്തരവ് ഉണ്ടായില്ലെങ്കില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി നല്‍കും. ഹര്‍ജി നല്‍കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

ഈ മാസം 30ന് അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റപത്രം നല്‍കുന്നത് തടയണം എന്നാണ് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്

ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ചാണ് അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ജഡ്ജി കൗസര്‍ എടപ്പഗത്ത് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജഡ്ജി പിന്‍മാറിയത്.