തൃക്കാക്കരയിൽ 68.73 ശതമാനം പോളിങ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 68.73 ശതമാനം പോളിങ്ങ്..  ഒരുമാസം നീണ്ട പ്രചാരണത്തിനൊടുവിൽ ഇന്ന് രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. പല ബൂത്തുകളിലും രാവിലെ തന്നെ നീണ്ട ക്യൂ ദൃശ്യമായിരുന്നു.ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണൽ.

യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംഗ്ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി, രഞ്ജി പണിക്കർ, ലാൽ, ഹരിശ്രീ അശോകൻ എന്നിവരും രാവിലെ വോട്ട് ചെയ്തു.

1,96,805 വോട്ടർമാരാണ് തൃക്കാക്കരയിൽ വിധിയെഴുതുന്നത്. ഇതിൽ 3633 പേർ കന്നിവോട്ടർമാർ ആണ്. ആകെയുള്ള 1,96,805 വോട്ടർമാരിൽ 95,274 പേർ പുരുഷന്മാരും 1,01,530 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്.

2021ൽ 70.39 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. 2011ൽ ആദ്യ തെരഞ്ഞെടുപ്പിൽ 73 ശതമാനമായിരുന്നു പോളിംഗ്. 2016ൽ ഇത് 74.71 ശതമാനമായി.