തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം: ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

0
27

തലശ്ശേരിയില്‍ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25ല്‍ അധികം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മതസ്പര്‍ധയുണ്ടാക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഐ.പി.സി 143, 147, 149, 153 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

തലശ്ശേരിയില്‍ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന പ്രകടനത്തിലായിരുന്നു വിദ്വേഷ മുദ്രാവാക്യം വിളി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളികളും കേള്‍ക്കില്ല എന്നായിരുന്നു മുദ്രാവാക്യം വിളിച്ചത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിന് പരാതി ലഭിച്ചിരുന്നു.ബി.ജെ.പി ജില്ലാ, സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.