ജിദ്ദ: മൂന്നാമത് ലോക സഭ സമ്മേളനത്തിൽ പ്രവാസ സമൂഹത്തിന്റെ ആകുലതകളും വെല്ലുവിളികളും ലോകത്തുള്ള മലയാളി സമൂഹം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നുവെന്നും ഏല്ലാം കൃത്യമായി സശ്രദ്ധം കേൾക്കാനും പരിഹാരങ്ങൾ കൈകൊള്ളാനുള്ള സന്നദ്ധതയോടെ മന്ത്രിസഭ അംഗങ്ങളുടെ മുഴുസമയ സാന്നിധ്യം മൂന്നാമത് ലോക കേരള സമ്മേളനം പ്രത്യാശ നൽകുന്നുവെന്നും ഐഎംസിസി അഭിപ്രായപ്പെട്ടു. പ്രവാസികൾ നേരിടുന്ന
വിവിധങ്ങളായ പ്രശ്‌നങ്ങൾ ഐഎംസിസി ജിസിസി ചെയർമാനും സൗദി ഐഎംസിസിയുടെ പ്രസിഡന്റുമായ എഎം അബ്ദുല്ല കുട്ടി മേഖല സമ്മേളനത്തിൽ നേരിട്ടും പൊതു സഭയിൽ രേഖാമൂലവും അവതരിപ്പിച്ചു.
പ്രവാസികളുടെ വിഷയങ്ങൾ പഠിച്ചു പരിഹാരങ്ങൾ കണ്ടെത്തൻ കൃത്യതയുള്ള പ്രവാസി ഡാറ്റ ഉണ്ടാക്കണം. ഇരുപത്തി അഞ്ചു വര്‍ഷം പൂർത്തിയാക്കുന്ന നോർക്കയുടെ സംഭാവനകൾ വലുതാണെങ്കിലും പ്രവാസ ലോകത്ത് നോർക്കയുടെ പ്രവർത്തനം കുറെ കൂടി കാര്യക്ഷമത ഉണ്ടാവേണ്ടതുണ്ട്. ഏതാനും സംഘടനാ നേതൃത്വമായി മാത്രം പരിമിതപ്പെടുന്ന നോർക്ക സംവിധാനം ലോക കേരള സഭ പ്രതിനിധികളുമായും വിവിധ സംഘടനകളുമായി സഹകരിച്ചും പ്രവർത്തനങ്ങൾ താഴെ തട്ടിലുള്ള പ്രവസികലിലെക്കും എത്തണം. നിരവധിയായ നിയമ പ്രശ്നങ്ങളിൽ പെട്ടിട്ടുള്ളവരുടെ പ്രശ്‌നങ്ങൾ എംബസ്സിയുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കണ്ടെത്താനുള്ള മധ്യവർത്തിയായി നോർക്കയുടെ സാന്നിധ്യം ഉണ്ടാവണം.
കോവിഡ് കാലങ്ങളിൽ പ്രവാസ ലോകത്ത് മരണമടഞ്ഞവരുടെ സാമ്പത്തികമായി പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് പ്രത്യക സാമ്പത്തിക സഹായവും നിർദ്ധരായ അത്തരം കുടുംബങ്ങളിൽ നിന്നുള്ള ഒരാൾക്ക് ജോലി നൽകി കുടുംബങ്ങൾക്ക് സംരക്ഷനം നൽകണം.
കാലാങ്ങളായി ഗൾഫ് മേഖലയിൽ നിന്നുള്ള പ്രവാസികളെ ചൂഷണം നൽകുന്ന എയർലൈൻ കമ്പനികളെ സർക്കാർ നിയന്ത്രിക്കണം, വര്ഷങ്ങളായി തുടരുന്ന ഇത്തരം ചൂഷണത്തെ നിയന്ത്രിക്കാൻ സർക്കാരിന്റെ ഗൗരവതരമായ ഇടപെടൽ അനിവാര്യമാണ്. ഏതാനും വര്ഷങ്ങളായി കോഴിക്കോട് എയർപോർട്ടിൽ നിർത്തലാക്കിയ വലിയ വിമാനങ്ങൾ പുനരാരംഭിക്കാൻ സർക്കാരും ലോക സഭ അംഗങ്ങളും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം, റൺവേ വികസനത്തിനായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തി കോഴിക്കോട് എയർപോർട്ടിലെ പൂർവ്വസ്ഥിതിയിൽ എത്തിക്കാൻ ആവശ്യമായ തുടർച്ചയായ നടപടികൾ സർക്കാരിൽ നിന്നുണ്ടാവണം.
വാർഷിക ജിഡിപിയുടെ 35 ശതമാനത്തോളം പ്രവാസികളുടെ പങ്കാളിത്തമാണെന്നു രേഖപ്പെടുത്തുന്ന സര്‍ക്കാര്‍ പ്രവാസികൾക്കായി യൂണിവേഴ്സിറ്റി തലത്തിൽ “പ്രവാസി ചെയർ” സ്ഥാപിക്കണം, രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന സ്രോദസ്സായ പ്രവാസി സമൂഹത്തിന്റെ സംഭാവനകളും വിവിധ രാജ്യങ്ങളിലെ ദശാബ്ദങ്ങൾ നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് നേടിയ അനുഭവസമ്പത്തും നൈപുണ്ണ്യവും സമൂഹത്തിനും ഇളം തലമുറക്കും പഠിക്കാനും ഉതകുന്ന ഒരു ഗവേഷണ കേന്ദ്രമായി പ്രവാസി ചെയറിനു വലിയ സംഭാവനകൾ ചെയ്യാൻ കഴിയും. പ്രവാസികൾ കൂടുതലും മലബാർ മേഖലയിൽ നിന്നുള്ളവരായതിനാൽ പ്രവാസി ചെയർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ സ്ഥാപിക്കണം.
പ്രവാസി പുനരധിവാസത്തിന് മാസ്റ്റർ പ്ലാന്‍ തയ്യാറാക്കണം. പുനരധിവാസ ചർച്ച പലപ്പോഴും കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ ഫണ്ട് വിലയിരുത്തിയിട്ടില്ല എന്നതിൽ തട്ടി മുന്നോട്ടു പോവാത്ത സാഹചര്യം ഉണ്ട്, അത് ഒഴിവാക്കണം, ആവശ്യമായ സമ്മർദ്ദം കേന്ദ്ര സർക്കാരിൽ ചെലുത്തി പരിഹാരം കണ്ടെത്തണം, കേന്ദ്രം കനിയുന്നില്ലങ്കിൽ കേരള സർക്കാർ ബദൽ സാധ്യതകൾ ആരായാണം.
കോവിഡ് കാലത്തും കോവിടാനന്തരവും തിരിച്ചെത്തിയ ലക്ഷക്കണക്കിന് പ്രവാസികളിൽ പലരും തിരിച്ചു വരാൻ ശ്രമിക്കുന്നവരാണ്. വർഷത്തിലധികം ജോലിയില്ലാതെ സാമ്പത്തിക പ്രയാസങ്ങളിൽ കഴിയുന്ന ജോലി തേടി വീണ്ടും പ്രവാസ ജീവിതത്തിനു ശ്രമിക്കുന്നവർക്ക് സർക്കാർ പലിശ രഹിത വായ്പകൾ നൽകി സഹായിക്കണം. പ്രവാസികളുടെ മക്കളുടെ തുടർ വിദ്യാഭ്യാസത്തിനു സഹായകരമായ സാഹചര്യം സൃഷ്ടിക്കണം.
പ്രവാസികളിൽ നിന്ന് വിവിധങ്ങളായ സേവനങ്ങൾ വഴി സ്വരൂപിച്ച് എംബസികളിൽ വിനിയോഗിക്കാതെ കിടക്കുന്ന വെൽഫെയർ ഫണ്ട് പ്രവാസികളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയണം, പ്രവാസ ലോകത്ത് മരണപ്പെടുന്ന പ്രവാസികളുടെ ബോഡി നാട്ടിലെത്തിക്കാൻ വലിയ തുക ആവശ്യമായി വരുന്നുണ്ട്, പ്രവാസികൾക്കായുള്ള വെൽഫെയർ ഫണ്ടായി കോടികൾ വിനിയോഗിക്കാതെ എംബസികളിൽ ഉണ്ടെന്നിരിക്കെ അടിയന്തിര സാഹചര്യങ്ങളിൽ പ്രവാസികൾ തന്നെ ഇത്തരം ആവശ്യങ്ങൾക്ക് ഫണ്ട് കണ്ടെത്തെണ്ട സാഹചര്യം ഒഴിവാക്കണം, ഈ വിഷയം പാർലിമെന്റ് അംഗങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ലോക കേരള സഭ അംഗവും ഐഎംസിസി ജിസിസി കമ്മറ്റി ചെയര്‍മാനുമായ അബ്ദുല്ല കുട്ടി രേഖാമൂലം ആവശ്യപ്പെട്ടു.