രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തിനിടെയില്‍ മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വയനാട് ഡിസിസി ഓഫീസില്‍ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഇത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ഫോട്ടോ നിലത്തിട്ട് തകര്‍ത്തതുമായി ബന്ധപ്പെട്ട ചോദ്യമാണ് സതീശനെ പ്രകോപിപ്പിച്ചത്.
ഗാന്ധിയുടെ ചിത്രം പോലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു കളഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ തകര്‍ക്കപ്പെട്ട ഗാന്ധി ചിത്രം രാഹുലിന്റെ ഓഫീസിന്റെ ചുമരില്‍ തന്നെ ഉണ്ടായിരുന്നതാണോയെന്ന് മാധ്യമപ്രവര്ത്തകന് ചോദിച്ചു. ഈ ചോദ്യത്തെ തുടര്‍ന്ന് അസംബന്ധ ചോദ്യങ്ങള്‍ ഇവിടെ വേണ്ടെന്നും പിടിച്ചുപുറത്താക്കുമെന്നും അദ്ദേഹം താക്കീത് നല്‍കുകയായിരുന്നു. ഗാന്ധിജിയുടെ ഫോട്ടോ എസ് എഫ് ഐക്കാരല്ല മറിച്ച് കോണ്‍ഗ്രസുകാര്‍ തന്നെയാണ് തകര്‍ത്തതെന്ന് സോഷ്യല്‍ മീഡിയകളിലുണ്ടല്ലോയെന്നും മാധ്യമ പ്രവര്ത്തകന് ചോദിച്ചു.