ന്യൂയറിനോടനുബന്ധിച്ച് കേരളത്തില്‍ രാത്രിയാത്രാ നിയന്ത്രണം

0
8

ഒമൈക്രോണ്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രാത്രിയാത്രാ നിയന്ത്രണം. ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ഞായര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി പത്ത് മുതല്‍ പുലര്‍ച്ച് അഞ്ച് മണിവരെ നിയന്ത്രണം. കടകള്‍ രാത്രി 10 മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യയാത്രകളും അനുവദിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.