സില്‍വര്‍ ലൈൻ: യുഡിഎഫ് നേതാക്കളുടെ യോഗം ഇന്ന്

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന് രാവിലെ യുഡിഎഫ് യോഗം ചേരും. കക്ഷിനേതാക്കളുടെ അടിയന്തര യോഗമാണ് പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ 11 മണിക്ക് നടക്കുക. സില്‍വര്‍ ലൈന്‍ പദ്ധതിയെ സര്‍വ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കാനാണ് ഇന്നലെ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനിച്ചത്. കടുത്ത സമരങ്ങളുമായി മുന്നോട്ട് പോകാന്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു.

നേരത്തെ സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ രണ്ടാം ഘട്ട പതിഷേധ പരിപാടികള്‍ എന്തൊക്കെയെന്ന് ഇന്ന് യോഗത്തിന് ശേഷം അറിയിക്കും. താഴെ തട്ടില്‍ ജനകീയ പ്രതിരോധം തീര്‍ക്കുന്ന സമരങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. സില്‍വര്‍ ലൈന്‍ പദ്ധതി മൂലം വീട് നഷ്ടപ്പെടുന്നവരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗങ്ങള്‍ നടത്തും. പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇതില്‍ യുഡിഎഫ് പ്രതിനിധികള്‍ പങ്കെടുക്കുമോ എന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനം എടുക്കും.