വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം

0
17

വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍ സംഘര്‍ഷം. സമരം നാലാം ദിവസമായ ഇന്ന്, പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് സമരവേദിയിലുള്ളത്. പ്രദേശത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിയിട്ട് പ്രതിഷേധക്കാര്‍ അതീവ സുരക്ഷാമേഖലയിലേക്ക് ഇരച്ചുകയറി. നിര്‍മ്മാണ സ്ഥലത്തേക്ക് കയറിയ പ്രതിഷേധക്കാർ തുറമുഖ കവാടത്തിന് മുകളില്‍ കൊടിനാട്ടി.വൈദികര്‍ പുലിമുട്ടുകള്‍ക്ക് മുകളില്‍ കയറി പതാകയും നാട്ടി.തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം, തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

അതേസമയം സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ നിന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാന്‍ ഇന്ന് മടങ്ങിയെത്തിയതിനു ശേഷം ചര്‍ച്ചയ്ക്കുള്ള സ്ഥലവും സമയവും നിശ്ചയിക്കും. ചര്‍ച്ചയ്ക്ക് സമ്മതമാണെന്ന് ലത്തീന്‍ അതിരൂപത ഇന്നലെ അറിയിച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപത വ്യക്തമാക്കിയിരുന്നു. അതേസമയം സ്ഥലമേറ്റെടുക്കലും പുനരധിവാസവും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ആറു മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗം 22 ന് നടക്കും