കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ സംഘടിപ്പിച്ച കെ റെയില്‍ വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചത്.
നാടിന്റെ ഭാവിക്ക് ആവശ്യമായ പദ്ധതിയാണ് ഇത്. ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതി പദ്ധതി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു,
പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിട്ടില്ല എന്ന വാദങ്ങള്‍ തെറ്റാണ്. എംഎല്‍എമാരോടാണ് ആദ്യം ചര്‍ച്ച ചെയ്തതെന്നും നിയമസഭയില്‍ ഒന്നും മറച്ച് വച്ചിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയില്‍ പദ്ധതിയിലും ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കണമെന്ന് നിലപാടെടുത്തു. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കി. ഇപ്പോള്‍ ഇതില്‍ പരാതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത വികസനത്തിന് ഭൂമി നല്‍കാന്‍ എതിര്‍ത്തവരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.
സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം. ബജറ്റ് വിഹിതം കൊണ്ട് വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ല. കിഫ്ബി 62000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ മാത്രമല്ല സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി. മറ്റ് പദ്ധതികളും നടപ്പിലാക്കും. സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന ധാരണ മാറിയട്ടുണ്ട്. അതിന് ഉദാഹരണങ്ങളാണ് ആരോഗ്യ മേഖലയിലേയും, വിദ്യാഭ്യാസ മേഖലയിലേയും പുരോഗതിയെന്ന് പിണറായി ചൂണ്ടിക്കാട്ടി. പശ്ചാത്തല സൗകര്യം വികസിക്കേണ്ടത് പൊതുവികസനത്തിന് ആവശ്യമാണ്. നാടിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.