ആക്ടിവിസ്റ്റും കോഴിക്കോട് ഗവ. ലോ കോളജ് ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കീഴടങ്ങാനിരിക്കെ വെള്ളയില്‍ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളിയായ മോഹൻദാസ് മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് നോർത്ത് ബീച്ചിൽ വെച്ചാണ് ഇന്നലെ വൈകുന്നേരമാണ് ബിന്ദു അമ്മിണിയെ മോഹൻദാസ് ആക്രമിച്ചത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്.
അതേസമയം ബിന്ദു അമ്മിണിയാണ് ആദ്യം പ്രകോപനമൊന്നുമില്ലാതെ മോഹൻദാസിനെ ആക്രമിച്ചതെന്നും അവർ തന്നെയാണ് വിഡിയോ ചിത്രീകരിച്ചതെന്നും മോഹൻദാസിന്റെ ഭാര്യ ആരോപിച്ചു.