തിരുവനന്തപുരം ജില്ലാ നേതൃത്വത്തെ വിമർശിച്ച് മുഖ്യമന്ത്രി

0
13

സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ വളര്‍ച്ച തടയാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അതേസമയം,  തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഒന്നാം സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമാണെന്നാണ് വിമര്‍ശനം.

ജില്ലയിൽ ബിജെപിയുടെ വളർച്ചയ്ക്ക് തടയിടുന്നതിൽ ജില്ലാനേതൃത്വം കാര്യക്ഷമമായില്ല. കോര്‍പറേഷന്‍ നിലനിര്‍ത്തിയതുകൊണ്ട് ബിജെപിയെ തടഞ്ഞെന്ന് ഊറ്റം കൊള്ളേണ്ടതില്ലെന്നും കോര്‍പ്പറേഷനിലം ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞത് താല്‍ക്കാലിക ജയം മാത്രം ആണെന്നും പിണറായി വിജയൻ പറഞ്ഞു.

ആരോഗ്യ വകുപ്പിന് എതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയും സമ്മേളനത്തിൽ എതിർ സ്വരം ഉയർന്നു.  മന്ത്രി ഓഫീസുകളുമായി ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നും ആക്ഷേപമുണ്ടായി.