പൊതുബജറ്റ്; സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി

pinarayi-vijayan

കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കാണുന്നില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണനയില്ല.

റെയില്‍വേ, വ്യോമഗതാഗതം എന്നിവ അടക്കമുള്ള മേഖലകളിലെ ഡിസ്ഇന്‍വെസ്റ്റ്മെന്റ് നയം കൂടുതല്‍ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ജനങ്ങളുടെ ദുരിതത്തിനിടയാക്കിയ ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് മുമ്പോട്ടുപോകുമെന്നതിന്റെ സൂചകളും ബജറ്റില്‍ വേണ്ടത്രയുണ്ട്. സാധാരണക്കാരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ക്കു നേരേ തീര്‍ത്തും നിഷേധാത്മകമായ സമീപനമാണ് ബജറ്റ് പുലര്‍ത്തുന്നത്.സാമ്പത്തിക സര്‍വ്വേയിലൂടെ വ്യക്തമായത് മൂന്ന് പതിറ്റാണ്ടുകാലത്തെ ഏറ്റവും വലിയ വിലക്കയറ്റം ഉണ്ടാവുകയാണ് രാജ്യത്ത് എന്നതാണ്. ജനങ്ങളുടെ കൈവശം പണം എത്തിച്ചാല്‍ മാത്രമേ ഇതിനെ നേരിടാനാകൂ. എന്നാല്‍ ആ വഴിക്കുള്ള ഒരു നീക്കവും ബജറ്റില്‍ കാണാനില്ല.