തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ രോഗം സ്ഥിരീകരിച്ച മൂന്ന് വയസുകാരന്റെ മാതാപിതാക്കളിലും രോഗം സ്ഥിരീകരിച്ചതോടെയാണ് എണ്ണം ഉയർന്നത്. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ കുടുംബത്തിലെ കുട്ടിക്ക് എയർപോർട്ടിൽ വച്ചുള്ള പരിശോധനയിലാണ് രോഗം സംശയിച്ചത്. പിന്നീട് പരിശോധന ഫലം പോസിറ്റീവ് ആവുകയും ചെയ്തു. ഇതിനെ തുടർന്നാണ് കുട്ടികളുടെ മാതാപിതാക്കളെയും നിരീക്ഷണത്തിലാക്കിയത്.
ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ മൂന്ന് പേരിലാണ് സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊറോണ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്ക് പുലർത്തിയ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1495 പേരാണ്. അതേസമയം കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഊർജിതമാക്കിയിട്ടുണ്ട്.
പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴാം ക്ലാസ് വരെയുള്ളവർക്ക് വാർഷിക പരീക്ഷ ഉണ്ടാകില്ല. എട്ടാം ക്ലാസ് മുതലുള്ള പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പോലെ തന്നെ നടക്കും. സിനിമാ തീയറ്ററുകൾ 31-ാം തീയതി വരെ അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്.