കുവൈത്ത് സിറ്റി: സമൂഹത്തിൽ മാറ്റമുണ്ടാക്കിയിട്ടുള്ളത് മാധ്യമങ്ങളല്ല, രാഷ്ട്രീയ പ്രവർത്തകരാണെന്ന് മീഡിയവൺ ന്യൂസ് എഡിറ്റർ എസ്.എ. അജിംസ് പറഞ്ഞു. കേരള പ്രസ് ക്ലബ് കുവൈത്ത് സംഘടിപ്പിച്ച ‘മുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധിഷണാശാലികളായ സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരുടെ ഇടപെടലുകൾ പ്രതിഫലിപ്പിക്കുന്ന ദൗത്യമാണ് മാധ്യമങ്ങൾ നിർവഹിക്കുന്നത്. ജനാധിപത്യത്തിന്റെ തൂണുകൾ ഓരോന്നിനെയും കാൻസർ ബാധിച്ചുകൊണ്ടിരിക്കുമ്പോൾ മീഡിയ എന്ന നാലാം തൂൺ മാത്രം വിശുദ്ധമാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തന രംഗത്തെ സമകാലിക അവസ്ഥാ വിശേഷങ്ങൾ, മാധ്യമങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം, മാധ്യമ പ്രവർത്തന രംഗത്തെ പുതിയ വെല്ലുവിളികൾ തുടങ്ങിയവ പരിപാടിയിൽ സംവാദ വിഷയങ്ങളായി. മഹബൂല കാലിക്കറ്റ് ലൈവ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള പ്രസ് കുവൈത്ത് പ്രസിഡന്റ് മുനീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാൻ, മാധ്യമ പ്രവർത്തനത്തിനിടെ കൊലചെയ്യപ്പെട്ട ഷെറീൻ അബൂ ആഖില, മാതൃഭൂമി മുൻ എഡിറ്റർ വി.പി. രാമചന്ദ്രൻ, സുപ്രഭാതം സീനിയർ റിപ്പോർട്ടർ യു.എച്ച്. സിദ്ദീഖ് എന്നിവർക്ക് ചടങ്ങ് ആദരാഞ്ജലികൾ അർപ്പിച്ചു. കുവൈത്തിലെ സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു. കേരള പ്രസ് ക്ലബ് കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് സ്വാഗതവും ട്രഷറർ അനിൽ കെ. നമ്പ്യാർ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം സത്താർ കുന്നിൽ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.