മഴക്കെടുതി: സംസ്ഥാനത്ത് മരണസംഖ്യ 27 ആയി ഉയർന്നു

0
19

കോട്ടയം, ഇടുക്കി ജില്ലകളിലെ ഉരുൾപൊട്ടൽ മേഖലകളിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ മരണസംഖ്യ 27 ആയി ഉയർന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക്‌ നാലുലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങി എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ബുധനാഴ്ച്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നും റിപ്പോർട്ടുകളുണ്ട് . തുലാവർഷ കാലയളവിൽ ലഭിക്കേണ്ട മഴയുടെ 84 ശതമാനം ഈ ദിവസങ്ങളിൽ ലഭിച്ചുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ ഏറാമലയിൽ 18 മാസം മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടേത് ഉൾപ്പെടെ നിരവധി മുങ്ങി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുന്നംകുളം സ്വദേശിയായ 62 വയസ്സുകാരനും പട്ടാമ്പി സ്വദേശിയായ 75 കാരനുമാണ് മരണപ്പെട്ടത്.