അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയും മന്ത്രിമാരും ദുരന്തനിവരണ അതോറിറ്റി അംഗങ്ങളും പങ്കെടുക്കും. കക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് പമ്പ-കക്കാട് ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. തെന്മല ഡാമിന്‍റെ ഷട്ടറുകള്‍ 20 സെന്‍റി മീറ്റര്‍ വരെ ഉയര്‍ത്തുമെന്നും മുന്നറിയിപ്പുണ്ട്.

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2397.85 അടിയിൽ എത്തിയാലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. 2398.85 അടിയിലെത്തിയാൽ ഡാം തുറക്കുക. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 133 അടിയിലെത്തി.

അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങി എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് അറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ബുധനാഴ്ച്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നും റിപ്പോർട്ടുകളുണ്ട് . തുലാവർഷ കാലയളവിൽ ലഭിക്കേണ്ട മഴയുടെ 84 ശതമാനം ഈ ദിവസങ്ങളിൽ ലഭിച്ചുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.