കോവിഡ് വാക്സിൻ എടുക്കുന്നതിൽ മലയാളിക്ക് വിമുഖത

ഡൽഹി: ഇത് വരെ കേരളത്തിൽ രണ്ട് ദിവസങ്ങളിൽ കോവിഡ് വാക്സിൻ വിതരണം നടത്തി. എന്നാൽ നിശ്ചയിച്ചതിനേക്കാൾ കുറവ് ആൾക്കാർക്കാണ് കുത്തിവെയ്പ്പ് എടുക്കാൻ കഴിഞ്ഞത്. തിങ്കളാഴ്ച 127 കേന്ദ്രങ്ങളിലായി നടന്ന കുത്തിവെയ്പ്പിന് 11,851 ആരോഗ്യ പ്രവർത്തകരാണ് എത്തേണ്ടിയിരുന്നത്. എന്നാൽ 7,891 പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്. ഏകദേശം 33 ശതമാനത്തിന്റെ കുറവ്. ഈ സാഹചര്യം കേന്ദ്ര സർക്കാരിന്റെ മേൽനോട്ട സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ കേരളത്തിലെ മെല്ലപ്പോക്കിൽ കർശന നിർദ്ദേശം നൽകി.

സർക്കാർ ഇടപെടാതെ വിമുഖത മാറ്റാൻ കഴിയില്ല ,വാക്സിൻ എടുക്കാൻ വിമുഖത കാട്ടുന്ന ആരോഗ്യ പ്രവർത്തകരുമായി സംസാരിക്കണം , വസ്തുതകൾ ബോധ്യപ്പെടുത്തണമെന്നും അവലോകന യോഗത്തിൽ കേരളത്തിന് നിർദേശം നൽകി. കേരളത്തിനോടൊപ്പം തമിഴ്നാട്ടിലും വാക്സിനോടുള്ള വിമുഖത പ്രകടമാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഉന്നത ഭാരവാഹികൾ തമിഴ്നാട്ടിൽ നിന്നുളളവരാണ്. അതിനാൽ 3.5 ലക്ഷം വരുന്ന അംഗങ്ങൾ വാക്സിൻ സ്വീകരിക്കുന്നതിന് വേണ്ട പ്രചാരണ പരിപാടി നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരളത്തിനും തമിഴ് നാടിനുമൊപ്പം വാക്സിൻ സ്വീകരിക്കാൻ ചത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവർത്തകരും വിമുഖത കാട്ടുന്നുണ്ട്. കർണ്ണാടക, ആന്ധ്രാ പ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളാണ് വാക്സിൻ വിതരണത്തിൽ മുൻപന്തിയിൽ ഉള്ളത്. ഇവിടുങ്ങളിൽ 70 ശതമാനത്തോളമാണ് കുത്തിവെയ്പ്പ് എടുത്തിട്ടുള്ളത്.