കൊച്ചി : കൊച്ചിയിൽ മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകളില്ലെന്ന വാദവുമായി പൊലീസ്. യുവതികള്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടി നടന്ന നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ടിനെ ചോദ്യം ശേഷമാണ് പൊലീസിന്റെ പ്രതികരണം. ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിന് ഡിവിആറുമായി ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഹോട്ടൽ ഉടമയായ റോയിക്ക് നോട്ടിസ് നൽകിയിരുന്നു. റോയി എത്താത്തതിനെ തുടർന്ന് അറസ്റ്റുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷമാണ് കഴിഞ്ഞദിവസം ഇയാൾ എസിപി ഓഫീസിൽ ഹാജരായത്. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് അദ്ദേഹം പൊലീസിന് മുന്നിൽ ഹാജരാക്കി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.