ഫിലിപ്പൈന്‍ യുവതിയുടെ മരണം: കുവൈറ്റി സ്പോണ്‍സർക്കും ഭാര്യക്കുമെതിരെ കൊലപാതകക്കുറ്റം

0
26

കുവൈറ്റ്: ഫിലിപ്പൈൻ സ്വദേശിയായ ഗാർഹിക തൊഴിലാളി മരിച്ച സംഭവത്തിൽ യുവതിയുടെ സ്പോൺസറായ സ്വദേശിയും ഭാര്യയും റിമാന്‍ഡിൽ. മനപ്പൂർവമുള്ള നരഹത്യകുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളെ 21 ദിവസത്തേക്കാണ് റിമാൻഡിൽ വിട്ടിരിക്കുന്നത്.പിന്നീട് ക്രിമിനൽ കോടതിയിൽ തുടർ വിചാരണ നടക്കും.

വീട്ടിലെ വേലക്കാരിയായ യുവതിയെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പബ്ലിക് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും ആവശ്യപ്പെട്ടു. സ്പോൺസറുടെ വീട്ടിൽ നിന്നും അതിക്രമം നേരിടേണ്ടി വന്ന ഫിലിപ്പൈനിൽ നിന്നുള്ള ജീ​നെ​ലി​ൻ പ​ഡേ​ണ​ൽ വി​ല്ലാ​വെ​ൻ​ഡെ എന്ന ഗാർഹികത്തൊഴിലാളി കുറച്ച് ദിവസം മുമ്പാണ് കുവൈറ്റിൽ മരിച്ചത്. ഇതിന് പിന്നാലെ സംഭവത്തെ ശക്തമായി അപലപിച്ച് ഫിലിപൈൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇതിന് തുടർച്ചയായി കുവൈറ്റിലേക്ക് പുതിയതായി ഗാർഹിക തൊഴിലാളികളെ അയക്കില്ലെന്ന് ഫിലിപ്പൈൻസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയ സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നാവശ്യപ്പെട്ട് ഫിലിപ്പൈൻ ഭരണകൂടവും യുവതിയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.