അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ആര്യയുടെയും ദേവിയുടെയും കൈകളിൽ കറുത്ത കല്ലു പതിപ്പിച്ച വളകൾ. മുറിയിൽ കണ്ടെടുത്ത മറ്റു വസ്തുക്കളും ആഭിചാരക്കെണിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നവീൻ തോമസ്, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് കഴിഞ്ഞ ദിവസം അരുണാചലിലെ ഹോട്ടൽമുറിയിൽ നിന്ന് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിയുടെയും ആര്യയുടെയും മുറിവുകൾ ആഴത്തിലുള്ളതും നവീന്‍റെ ദേഹത്തെ മുറിവ് താരതമ്യേന ആഴം കുറഞ്ഞതാണെന്നുമാണ് കണ്ടെത്തൽ. ദേവിയെയും ആര്യയെയും കൊലപ്പെടുത്തിയ ശേഷം നവീൻ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് നിഗമനം. ദേവിയുടെ പിതാവും പ്രശസ്ത ഫോട്ടൊഗ്രാഫറുമായ ബാലൻ മാധവന്‍റെ ഫോൺ നമ്പറാണ് മരണക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നത്. ബാലൻ മാധവനാണ് അവർ ആഭിചാരക്കെണിയിൽ പെട്ടു പോയെന്ന വിവരം പൊലീസിനെ അറിയിച്ചത്. ദേവിയെയും നവീനെയും മുൻപ് ഇത്തരം ആഭിചാരങ്ങളിൽ വിശ്വസിക്കരുതെന്ന് വിലക്കിയിരുന്നതായും ബാലൻ മാധവൻ പൊലീസിനോട് പറഞ്ഞു.
ടെലിഗ്രാം കേന്ദ്രീകരിച്ചാണ് ആഭിചാരക്കെണിയിൽ പെടുത്തുന്ന ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തൽ. പുറത്തു നിന്നുള്ളവർക്ക് ടെലിഗ്രാം ഗ്രൂപ്പിനുള്ളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും കണ്ടെത്താനും ബുദ്ധിമുട്ടായതിനാൽ ഇത്തരത്തിൽ നിരവധി ഗ്രൂപ്പുകൾ യുവാക്കളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നുണ്ട്. പുനർജന്മം , അന്യഗ്രഹ ജീവിതം, മരണാനന്തരം ജീവിതം തുടങ്ങി നിരവധി ആശയങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന ഗ്രൂപ്പുകൾ വഴി വൻ പണംതട്ടിപ്പും ഉണ്ടാകുന്നുണ്ട്.
ആസ്ട്രൽ പ്രൊജക്ഷൻ, ബ്ലാക് മാജിക് എന്നിവയുടെ കേന്ദ്രങ്ങളാണ് ഇത്തരം ഗ്രൂപ്പുകൾ. ആത്മീയതയെക്കുറിച്ചുള്ള സന്ദേശങ്ങൾ വഴി ഗ്രൂപ്പിൽ അംഗമാകാൻ ക്ഷണിക്കുകയും അതിനു ശേശം നിരന്തരമായ ബ്രെയിൻ വാഷിങ്ങിലൂടെ പ്രത്യേക നിയോഗമുള്ളയാളാണെന്ന് ബോധ്യപ്പെടുത്തുകയുമാണ് ആദ്യപടി.
അതിനു ശേഷമാണ് ആസ്ട്രൽ പ്രൊജക്ഷൻ മുതലായ കാര്യങ്ങളിലേക്കു കടക്കുക. പുനർജന്മം അടക്കമുള്ള കാര്യങ്ങൾക്ക് ഭൗതിക ജീവിതത്തിൽ വിശ്വസിക്കുന്നവരിൽ നിന്ന് അകന്നു കഴിയണമെന്നും ഇവർ ബോധ്യപ്പെടുത്തും. ഇത്തരം കെണിയിൽ അകപ്പെടുന്നവർ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നു പോകുകയും അതു കൊണ്ടു തന്നെ രക്ഷപ്പെടൽ അസാധ്യമാകുകയുമാണ് പതിവ്.