നടൻ മധുവിന് ഇന്ന് 90ാം പിറന്നാൾ

0
13

മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു നവതിയുടെ നിറവിൽ. നീണ്ട അറുപത് വർഷത്തെ സിനിമാ ജീവിതത്തിൽ  കേവലം നായക കഥാപാത്രമായി  മാത്രം ഒതുങ്ങി നിൽക്കാതെ, വില്ലനായും, സഹ നടനായും, അച്ഛനായും, അമ്മാവനായും തിരശീലയ്ക്ക് പുറത്ത് സംവിധായകനായും, ഗായകനായും, നിർമ്മാതാവായും അദ്ദേഹം നിറഞ്ഞുനിന്നു.

1959 ൽ നാഗർകോവിലിലെ  സ്കോട്ട് ക്രിസ്റ്റ്യൻ കോളേജിൽ ഹിന്ദി  അധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്താണ് അതുപേക്ഷിച്ച്  മധു ഡൽഹിയിലെ  നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ  ചേരുന്നത്. അവിടുത്തെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി വിദ്യാർത്ഥിയും മധുവായിരുന്നു. ഈ കാലഘട്ടത്തിൽ തന്നെയാണ്  രാമു കാര്യാട്ടുമായി സൌഹൃദത്തിലാവുന്നതും രാമു കാര്യാട്ടിന്റെ ഒരു സിനിമയുടെ  മേക്ക് അപ്പ് ടെസ്റ്റിന് വേണ്ടി മദിരാശിയിലെത്തുന്നതും.

എന്നാൽ മേക്ക്അപ്പ് ടെസ്റ്റ് കഴിഞ്ഞ്  യാദൃശ്ചികമായാണ് അവിടെവെച്ച്    ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന ചിത്രത്തിൽ  അരങ്ങേറ്റം കുറിക്കുന്നത്. അന്ന് കൂടെ   അഭിനയിച്ചത്  പ്രേം നസീറും ഷീലയുമായിരുന്നു. അതിന് ശേഷമാണ് രാമു കാര്യാട്ടിന്റെ ‘മൂടുപടം’  എന്ന സിനിമയിൽ അഭിനയിക്കുന്നത്.  അങ്ങനെ  ശോഭന പരമേശ്വരൻ നായരും പി. ഭാസ്ക്കരനും ചേർന്ന് മാധവൻ നായരെ ‘മധു’വാക്കി മാറ്റി

മലയാള സാഹിത്യത്തിന്റെ കുലപതികളായ തകഴി, വൈക്കം മുഹമ്മദ് ബഷീർ, എം. ടി, എസ്. കെ പൊറ്റക്കാട് തുടങ്ങീ ഒരുപാട് സാഹിത്യക്കാരന്മാരുടെ ഉജ്ജ്വല സൃഷ്ടികൾക്ക് വെള്ളിത്തിരയിൽ ജീവൻ കൊടുക്കാൻ മധു എന്ന നടന് സാധിച്ചു.

തകഴിയുടെ ചെമ്മീനും, ഏണിപ്പടികളും, ഗന്ധർവ ക്ഷേത്രവും. ഉറൂബിന്റെ ഉമ്മാച്ചുവായും  ബഷീറിന്റെ ഭാർഗവിനിലയത്തിലും കേശവദേവിന്റെ സ്വപ്നത്തിലും, എംടി യുടെ മുറപ്പെണ്ണിലും, ഓളവും തീരവും എന്നീ സിനിമകളിലും  പി പത്മരാജന്റെ ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം എന്ന നോവലുകളുടെ സിനിമ ആവിഷ്കാരങ്ങളിലും മധു നിറഞ്ഞാടി

1933 സപ്തംബര്‍ 23ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആര്‍.പരമേശ്വരപിള്ളയുടെയും കമലമ്മയുടെയും മകനായാണ് ജനനം.  ആര്‍. മാധവന്‍ നായര്‍ എന്നതായിരുന്നു മധുവിന്റെ യഥാര്‍ത്ഥ പേര്.