കൂടത്തായി കൊലപാതക പരമ്പര: ജോളിക്കെതിരെ മൂന്നാം കുറ്റപത്രം

0
23

വടകര: കൂടത്തായി കൊലപാതക പരമ്പരക്കേസിൽ മുഖ്യപ്രതി ജോളിക്കെതിരെ മൂന്നാമത്തെ കുറ്റപത്രം. ജോളിയുടെ രണ്ടാംഭർത്താവ് ഷാജുവിന്റെ ഒന്നരവയസുകാരിയായ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ന് കുറ്റപത്രം സമർപ്പിച്ചത് നേരത്തെ സംശയിച്ചത് പോലെ തന്നെ ബ്രഡിൽ സയനൈഡ് കലര്‍ത്തി നൽകിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ഷാജുവിന്റെയും കൊല്ലപ്പെട്ട സിലിയുടെയും മകന്റെ ആദ്യ കുർബാന ചടങ്ങിനിടെയാണ് കയ്യിൽ കരുതിയിരുന്ന സയനൈഡ് ബ്രഡിൽ തേച്ച് ജോളി കുഞ്ഞിന് നൽകിയത്. കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയെന്ന് വരുത്തി തീർക്കാനും ശ്രമിച്ചു. ഷാജുവിനെ വിവാഹം ചെയ്യുമ്പോൾ മകളായ ആൽഫൈൻ ബാധ്യതയാകുമെന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമൺ മാധ്യമങ്ങളെ അറിയിച്ചത്.

അഞ്ഞൂറോളം പേജുകളുള്ള കുറ്റപത്രം ഇന്ന് രാവിലെയോടെയാണ് താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കേസില്‍ ജോളിയുടെ മുൻഭർത്താവ് കൊല്ലപ്പെട്ട റോയി തോമസിന്റെ സഹോദരൻ റോജോ തോമസാണ് മുഖ്യസാക്ഷി. ഇതിന് പുറമെ 129 സാക്ഷികളും 130 രേഖകളും അടങ്ങുന്നതാണ് കുറ്റപത്രം. നേരത്തെ ഭർത്താവ് റോയ് തോമസ് രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലി എന്നിവരുടെ കൊലപാതകത്തിലും ജോളിയെ മുഖ്യപ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.