ആലുവ കൊലപാതകത്തിൽ അസഫാക് ആലത്തിന് വധശിക്ഷ

0
25

അലുവയിലെ 5 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിന് (28) വധ ശിക്ഷ. അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ കേസില്‍, സംഭവം നടന്ന് 110-ാം ദിവസമാണു ശിക്ഷ വിധിക്കുന്നത്. പോക്സോ കേസിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍റേതാണ് വിധി.

തൂക്കുകയറിനൊപ്പം 5 വിവിധ വകുപ്പുകളിലായ ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. ശിശു ദിനവും പോക്‌സോ നിയമം പ്രാബല്യത്തിലായതിന്‍റെ 11-ാം വാര്‍ഷികത്തിലെ ഈ വിധി വളരെയധികം നിർണായകമാണ്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

പ്രതിക്കു വധശിക്ഷ തന്നെ ലഭിക്കുമെന്ന് തന്നെയായിരുന്നു പ്രോസിക്യൂഷന്‍റെയും പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെയും കേരളത്തിന്‍റേയും ഒന്നടങ്കമുള്ള ആവശ്യം. ശിക്ഷയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ എറണാകുളം പോക്‌സോ കോടതി വിധി പ്രഖ്യാപനം ശിശു ദിനമായ ഇന്നത്തേക്ക് മാറ്റിയിരുന്നു. കേസില്‍ പ്രതിക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.