നടൻ ജയന്‍ ഓര്‍മയായിട്ട് 43 വര്‍ഷം

0
32

മലയാളത്തിലെ ആദ്യ ആക്ഷന്‍ ഹീറോ ജയന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 43 വര്‍ഷം .കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടമാണ് ജയന്‍റെ ജീവൻ കവര്‍ന്നത്.രണ്ടാം ലോകമഹായുദ്ധകാലത്ത് വാര്‍ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന ഷോളാവാരത്തെ എയര്‍ഗ്രൗണ്ടിലായിരുന്നു  കോളിളക്കത്തിന്‍റെ ക്ലൈമാക്‌സ് ചിത്രീകരണം നിശ്ചയിച്ചിരുന്നത്. നടന്‍ സുകുമാരന്‍ ഓടിക്കുന്ന ബൈക്കിനു പിന്നില്‍ നിന്ന് ജയന്‍ ഹെലികോപ്റ്ററില്‍ എത്തിപ്പിടിക്കുന്ന രംഗം. ആദ്യ ടേക്ക് തന്നെ ഓക്കെ ആയെങ്കിലും, ജയന്‍റെ ആവശ്യപ്രകാരം രണ്ടാമതൊരു ടേക്കിനു കൂടി മുതിര്‍ന്നു സംവിധായകന്‍ പി.എന്‍. സുന്ദരം. റീടേക്കില്‍ ഹെലികോപ്റ്ററിന്‍റെ ലാന്‍ഡിങ് ലെഗ്ഗില്‍ പിടിച്ചു കയറുമ്പോള്‍ നിയന്ത്രണം വിട്ടു. താഴേക്കു പതിച്ച ഹെലികോപ്റ്റിന്‍റെ പങ്ക ജയന്‍റെ തലയിലിടിച്ചു. ജയന്‍റെ തലയില്‍ നിന്നു രക്തമൊലിക്കുന്നു. നേരെ ആശുപത്രിയിലേക്ക്. മഴ കാരണം തടസമുണ്ടായ വഴികളിലൂടെ ഏറെ വൈകി ആശുപത്രിയില്‍. തിരക്കഥയുടെ ക്ലൈമാക്‌സിലെ വിധിയുടെ തിരുത്ത് അംഗീകരിച്ച് ജയന്‍ മടങ്ങിപ്പോയിരുന്നു.

കൊല്ലം സ്വദേശിയായിരുന്ന കൃഷ്ണൻ നായര്‍ 15 വര്‍ഷത്തോളം നേവിയിലായിരുന്നു. പിന്നീട് യാദൃശ്ചികമായാണ് സിനിമാ രംഗത്തേക്ക് എത്തിപ്പെട്ടത്. 1974 ല്‍ പുറത്തിറങ്ങിയ ‘ശാപമോക്ഷ’മാണ് ആദ്യ ചിത്രം. വില്ലന്‍ വേഷങ്ങളിലും നായക വേഷങ്ങളിലും ജയന്‍റെ കയ്യില്‍ ആക്ഷന്‍രംഗങ്ങള്‍ എന്നും ഭദ്രമായിരുന്നു. അദ്ദേഹം സാഹസികരംഗങ്ങളിലഭിനയിക്കാന്‍ വല്ലാത്തൊരു അഭിനിവേശം തന്നെ പ്രകടമാക്കിയിരുന്നു. സംഘട്ടനരംഗങ്ങളില്‍ പലതിലും അദ്ദേഹം ഡ്യൂപ്പിനെ മാറ്റി നിര്‍ത്തി.
ആറ് വര്‍ഷത്തിനുള്ളില്‍ ഒരു തമിഴ് ചിത്രമുള്‍പ്പെടെ അദ്ദേഹം ചെയ്ത് തീര്‍ത്തത് 116 ചിത്രങ്ങളാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത ‘ശരപഞ്ജര’മാണ് ജയൻ നായകനായ ആദ്യ സിനിമ. എന്നാല്‍ ഐ വി ശശിയുടെ ‘അങ്ങാടി’ എന്ന സിനിമയാണ് ജയനിലെ നടനെ ജനകീയനാക്കിയത്