വിഴിഞ്ഞം പാക്കേജിൽ അവഗണന; അഹമ്മദ് ദേവർകോവിലിനെ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ

കോവളത്തു തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ. വിഴിഞ്ഞം പാക്കേജ് എല്ലാവർക്കും ലഭ്യമായില്ലെന്നാരോപിച്ചാണ് മന്ത്രിയെ തടഞ്ഞത്. കോവളം അനിമേഷൻ സെന്‍ററിന്‍റെ പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം.

പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. തുടർന്നാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 336 പേരുടെ പട്ടിക കൈമാറിയിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 120 പേർക്ക് 2 ലക്ഷം രൂപ വീതം ലഭിച്ചെന്നും 1500 ൽ അധികം തൊഴിലാളികൾക്ക് നഷ്ടപരിഹാരം കിട്ടിയില്ലെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.

കട്ടമര തൊഴിലാളികൾക്കാണ് ഇന്ന് നഷ്ടപരിഹാരം വിതരണം ചെയ്തത്. കട്ടമര തൊഴിലാളികൾക്ക് 4.20 ലക്ഷവും അനുബന്ധ തൊഴിലാളികൾക്ക് ഒരു ലക്ഷവുമാണു വിതരണം ചെയ്തത്.