കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിൽ സമർപ്പിച്ച മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി. മെമ്മറി കാർഡ് അനധികൃതമായി ആരോ പരിശോധിച്ചതിനാൽ ഹാഷ് വാല്യു മാറിയതായി ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ് വിധി. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും കേസിലെ പ്രതിയായ നടൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി മുഖവിലക്കെടുത്തില്ല. ജസ്റ്റിസ് കെ.ബാബുവിന്‍റെ ബെഞ്ചാണ് വിധി പറഞ്ഞത്. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചാൽ തന്‍റെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹർജി സമർപ്പിച്ചത്. 2018 ജനുവരി 9നും ഡിസംബർ 13നുമാണ് മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.