കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു മരണം. പ്രമേഹം മൂലം ചികിത്സയിലായിരുന്നു. നിലവിൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമാണ്.
പ്രമേഹം കൂടിയതിനെത്തുടർന്ന് കാനത്തിന്‍റെ കാൽ മുറിച്ചു മാറ്റിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പദവിയിൽ നിന്ന് അവധി നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹം ദേശീയ നേതൃത്വത്തിന് കത്തെഴുതിയിരുന്നു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്കെത്തിയ കാനം വാഴൂർ നിയോജക മണ്ഡലത്തിൽ നിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നു തവണ സിപിഐ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോട്ടയത്തെ കൂട്ടിക്കലിൽ 1950 നവംബർ 10നാണ് കാനം രാജേന്ദ്രന്‍റെ ജനനം. യുവജന സംഘടനാ രംഗത്തും ട്രേഡ് യൂണിയൻ രംഗത്തും സജീവമായി പ്രവർത്തിച്ചിരുന്നു. 1978 ൽ സിപിഐ യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982, 87 എന്നീ വർഷങ്ങളിലാണ് വാഴൂരിൽ നിന്ന് നിയമസഭയിലേക്ക് എത്തിയത്. 2006 ൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനവും 2012ൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗത്വവും ലഭിച്ചു. 2015 മാർച്ച് 2നാണ് ആദ്യമായി സിപിഐ സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്. ഭാര്യ: വനജ. മക്കൾ: സ്മിത, സന്ദീപ്.