കോഴിക്കോട് കൊവിഡ് മരണം; ജാഗ്രത നിർദേശം

0
49

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് വട്ടോളി സ്വദേശി കുമാരന്‍ (77) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിൽ ചികിത്സയിലിരിക്കെയാണ് മരണം. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കൊവി‍ഡാണെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം കൊവിഡ് കേസുകളിൽ വർധന. 24 മണിക്കൂറിനുള്ളില്‍ 280 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബറില്‍ കേരളത്തില്‍ 470 കേസുകളും ഈ മാസം ആദ്യ 10 ദിവസത്തിനുള്ളില്‍ 825 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന കേസാണ്. നിലവില്‍ കേരളത്തിലെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 1,144 ആയി. കൊവിഡ് ബാധിച്ച് ആദ്യവാരവും ഒരു മരണം രേഖപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച പുറത്തു വന്ന കണക്കുകൾ പ്രകാരം ഇന്ത്യയില്‍ പുതുതായി 312 കൊവിഡ് -19 കേസുകള്‍ രേഖപ്പെടുത്തി. 17,605 പേരെ പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നാണ് 312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,296 ആയി. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.