ഇന്ധന വില കുറച്ചേക്കും

0
39

നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി പെട്രോളും ഡീസലും പാചക വാതകവും അടക്കമുള്ള ഇന്ധനങ്ങളുടെ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് മേല്‍ സമ്മർദമേറുന്നു. രാജ്യാന്തര ക്രൂഡ് ഓയില്‍ വിപണിയിലെ അനുകൂല സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അനൗദ്യോഗികമായി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വാരം ബ്രെൻഡ് ക്രൂഡിന്‍റെ വില ബാരലിന് 76 ഡോളറിന് അടുത്താണ് വ്യാപാരം നടത്തുന്നത്. ഇന്നലെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില എണ്ണക്കമ്പനികള്‍ സിലിണ്ടറിന് 38.5 രൂപ കുറച്ചിരുന്നു. ഇതിനൊപ്പം പെട്രോള്‍, ഡീസൽ പാചക വാതകം എന്നിവയുടെ വില കൂടി കുറഞ്ഞാല്‍ വിലക്കയറ്റത്തിന് ഒരു പരിധി വരെ ശമനമാകുമെന്നാണ് വിലയിരുത്തുന്നത്.

അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവശ്യ സാധനങ്ങളുടെ വില പിടിച്ചുനിർത്താനാണ് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നത്. നിലവില്‍ ഇന്ധനങ്ങളുടെ ഉത്പാദന ചെലവ് കുറഞ്ഞതിനാല്‍ മികച്ച ലാഭമാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്നത്. ഇതിലൊരു ഭാഗം ഉപയോക്താള്‍ക്ക് കൈമാറണമെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ക്രൂഡ് വില 80 ഡോളറിന് മുകളിലായിരുന്നതിനാല്‍ നേരിട്ട അധിക ബാധ്യത നികത്താനുള്ള അവസരമായാണ് ഇപ്പോഴത്തെ സാഹചര്യത്തെ വിലയിരുത്തുന്നത്. മുന്‍കാല നഷ്ടം നികത്തുന്നതു വരെ വിലയില്‍ മാറ്റം വരുത്തേണ്ടയെന്ന അഭിപ്രായവും ശക്തമാണ്.