മൂന്നര പതിറ്റാണ്ടിന് ശേഷം സ്കൂളംഗണത്തില്‍ വീണ്ടും ഒത്തുചേർന്നു അവർ

0
71

പഴയ പത്താംക്ലാസ്സുകാർ മുപ്പത്തഞ്ച് വർഷത്തിന് ശേഷം വീണ്ടും പഴയ സ്കൂള്‍ മുറ്റത്ത് ഒത്തുകൂടി. ജി എച്ച് എസ് തച്ചങ്ങാട് സ്കൂളിലെ 1988-89 എസ്എസ്എൽസി ബാച്ചാണ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നുമെത്തിയവർ ഉള്‍പ്പടെ അന്‍പത്തി അഞ്ചുപേരാണ് സൗഹൃദം പുതുക്കാനെത്തിയത്. അക്ഷരവെളിച്ചം പകർന്ന തങ്ങളുടെ സ്കൂളിന്‍റെ ഭാവി പ്രവർത്തനങ്ങളിലും സഹപാഠികളായവരുടെ ക്ഷേമ പ്രവർത്തനങ്ങള്‍ക്കുമായി പദ്ധതികള്‍ ആവിഷ്കരിച്ചു. സത്താർ കുന്നില്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു ഷാഫി തച്ചങ്ങാട് അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു

താഹിറ നന്ദി പറഞ്ഞു അധ്യാപകരായ ലതിക, ഷറോള്‍, കൃഷ്ണന്‍, നാരായണന്‍, കമലാക്ഷന്‍, കലീമുള്ള തുടങ്ങിയവരും തങ്ങളുടെ പഴയ വിദ്യാർത്ഥികള്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തു.പിടിഎ പ്രസിഡന്‍റ് നാരായണന്‍ സീനിയർ വിദ്യാർത്ഥിയും മുന്‍ ഡിവൈഎസ്‌പിയുമായ ദാമോധരന്‍ തച്ചങ്ങാട് എന്നിവരും സംബന്ധിച്ചു.

വർഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണാനായതിന്‍റെ സന്തോഷം ഏവരും പങ്കുവച്ചു. ഡിസംബർ 23ന് നടന്ന റീയൂണിയന്‍ പഴയകാലത്തേക്കുളള പിന്‍നടത്തമായിരുന്നു പലർക്കും. എന്നാല്‍ പരിപാടികള്‍ക്ക് ശേഷം സുഹൃത്തുക്കളെ പിരിയേണ്ടി വന്നതിലെ വിഷമവും ചിലർ പങ്കുവെച്ചു. തമ്മില്‍ കാണ്ടത് സന്തോഷകരമായ ഓർമ്മകളായി എന്നും ഓർത്ത് വിഷമങ്ങളെ മറക്കാമെന്ന ഉപദേശവും സഹപാഠികളിലൊരാള്‍ നല്‍കി. ഇനി അടുത്ത സൗഹൃദ കൂട്ടായ്മ എന്നായിരിക്കും എന്ന അന്വേഷണവും ഉയർന്നു. ആരും മറക്കരുതെന്നും വിദേശത്തുള്ളവർ നാട്ടിലെത്തുമ്പോള്‍ കാണാന്‍ വരണമെന്നും ഒരു സുഹൃത്ത് മുന്നോട്ട് വച്ചു. പഴയകാലത്തെക്കുറിച്ചുള്ള ഓർമ്മകള്‍ പങ്കുവയ്ക്കുന്നത് കേട്ട് പലരും കണ്ണീരണിഞ്ഞു. കാലമെത്രകഴിഞ്ഞാലും മാറ്റുകുറയാത്ത തനിത്തങ്കമാണ് സൗഹൃദമെന്ന് ഒരിക്കല്‍കൂടെ തെളിയിച്ചിരിക്കുകയാണ് ഈ സുഹൃദ് സംഗമം.