മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച കേരളത്തിന്‍റെ ആവശ്യം തള്ളണം; തമിഴ്നാട് സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ നിഷ്പക്ഷ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ നൽകിയ സ്ത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉന്നയിക്കുന്നത്.

സമഗ്ര പരിശോധന നടത്താൻ നിയമപരമായ അധികാരം ഡാമിന്‍റെ ഉടമകളായ തങ്ങൾക്കാണെന്നും, ആ പരിശോധന 2026 ഡിസംബർ 31 നകം പൂർത്തിയാക്കിയാൽ മതിയെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ പറഞ്ഞു. എന്നാൽ രാജ്യാന്തര വിദഗ്ധ സമിതിയെക്കൊണ്ട് വിശദമായ സുരക്ഷാ പരിശോധന നടത്തണമെന്നായിരുന്നു കേരളം നൽകിയ സത്യാവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നത്. കാലാവധി കഴിഞ്ഞ അണക്കെട്ടിന്‍റെ താഴെ പ്രദേശത്ത് താമസിക്കുന്ന അഞ്ചു ലക്ഷത്തിലേറെപ്പേരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചാണ് കേരളം ആവശ്യമുന്നയിച്ചത്.

എന്നാൽ ഡാമ് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2006 ലേയും 2014 ലെയും വിധികളിലെ ശുപാർശകളും മേൽനോട്ട സമിതി നൽകിയ വിവധ റിപ്പോർട്ടുകളിലെ ശുപാർശകളും കേരളം നടപ്പാക്കിയിട്ടില്ലെന്ന് തമിഴ്നാട് ആരോപിച്ചു. ഈ ശുപാർശകൾ നടപ്പാക്കാതെ സമഗ്ര സുരക്ഷ പരിശേധന എന്ന ആവശ്യമാണ് കേരളം മുന്നോട്ടുവയക്കുന്നതെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി. 2024 ലെ കാലവർഷത്തിനു മുമ്പായി എല്ലാ പണികളും പൂർത്തിയാക്കാനുള്ള അനുമതി നൽകാൻ നിർദേശിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.