അങ്കമാലി -മൂക്കന്നൂർ കൂട്ടക്കൊലപാതകം: പ്രതി ബാബുവിന് വധശിക്ഷ

0
64

അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊല കേസിൽ പ്രതി ബാബുവിന് വധശിക്ഷ. 33 വയസുള്ള സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് 2 കൊലപാതകത്തിൽ ഇരട്ട ജീവപര്യന്തം തടവും കേസിലെ വിവിധ വകുപ്പുകളിലായി 4,10,000 രൂപ പിഴയും അടയ്ക്കണം.

കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി വിലയിരുത്തി. സ്മിതയെ കൊലപ്പെടുത്തിയത് അതിദാരുണമായാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബാബുവിന് വധശിക്ഷ നല്‍കിയത്. 35ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തിലുണ്ടായിരുന്നത്. ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ സോമന്‍ ബാബുവിന് വധശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി 11 നായിരുന്നു കൊലപാതകം. പ്രതിയായ ബാബു സഹോദരൻ ശിവൻ, ഭാര്യ വൽസല, മകൾ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആക്രമണം തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികള്‍ക്ക് നേരെയും ആക്രമണം നടത്തി. സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതി ബാബു സഹോദരനെയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.കൃത്യം നടത്തിയതിന് പിന്നാലെ കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ച ബാബുവിനെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.