കോഴിക്കോട് എലത്തൂരിൽ ആക്രമണം നടന്ന ട്രെയിനിൽ തീപിടുത്തം. കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീപിടിച്ച് ഒരു ബോഗി പൂർണമായും കത്തിനശിച്ചു. നിർത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനാണ് തീപിടിച്ചത്. മൂന്നാം പ്ലാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ ആണ് തീപിടിച്ചത്.
അധികം ശ്രദ്ധ എത്തിച്ചേരാതെ ഭാഗത്തായിരുന്നു ട്രെയിൻ നിർത്തിയിട്ടത്. സംഭവം നടക്കുമ്പോൾ ജീവനക്കാരും ഈ മേഖലയിൽ ഇല്ലായിരുന്നു. എന്നാൽ അടുത്തുള്ള ബി.പി.സി.എൽ. സ്ഥാപനത്തിന്റെ സി.സി.ടി.വിയിൽ ഒരാൾ കയ്യിൽ കാനുമായി ബോഗിയുടെ സമീപം നിൽക്കുന്ന ദൃശ്യം കാണാം.
ഇയാൾ അവിടെ നിന്നും പോയതിന്റെയും മറ്റും വിവരങ്ങൾ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ്. പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് കത്തിച്ചതാവാനുള്ള സാധ്യത അധികൃതർ ചൂണ്ടിക്കാട്ടുകയുണ്ടായി. അട്ടിമറി സാധ്യത ഇതോടുകൂടി മുറുകുകയാണ്.
രാത്രിയോടെയാണ് ബോഗി സ്റ്റേഷനിൽ എത്തിയത്. ഇതിന് മണിക്കൂറുകൾക്ക് ശേഷം രാത്രി ഒന്നരയോടെയാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ എത്തിയെങ്കിലും ബോഗി പൂർണമായും കത്തിനശിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങൾക്ക് പ്ലാറ്റ്‌ഫോം വരെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും തീയണയ്ക്കൽ ശ്രമം ദുഷ്ക്കരമാക്കി.