ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണം മുന്നൂറിലേക്ക്. ട്രെയിനുള്ളിൽ കുടുങ്ങിയ 12 മൃതദഹങ്ങൾ കൂടി കണ്ടെടുത്തു. മരിച്ചവരിൽ ഇതുവരെ 160 പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്കായി മാറ്റി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. സിഗ്നലിലെ പിഴവു കേന്ദ്രീകരിച്ചാവും അന്വേഷണം നടക്കുക. ബുധനാഴ്ച രാവിലെയോടെ ഗതാഗതം പുനസ്ഥാപിക്കാനാണ് ശ്രമമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
അതേസമയം ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 250 പേരടങ്ങുന്ന സംഘം ചെന്നൈയിലെത്തി. കൊറമൺ എക്സ്പ്രസിലെ യാത്രക്കാരാണ് ഒഡീശയിലെ ഭദ്രക്കിൽ നിന്നും പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിയത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ സംഘത്തിൽ പത്ത് മലയാളികളുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിൽ ഒരാൾക്ക് ഗുരുതരമല്ലാത്ത പരിക്കുണ്ട്. ഇദ്ദേഹത്തെ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ഇന്ന് തന്നെ നോർക്കയുടെ സഹായത്തോടെ നാട്ടിലെത്തിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെയും ദക്ഷിണ റെയിൽവേയുടെയും നേതൃത്വത്തിൽ യാത്രക്കാർക്കായുള്ള മെഡിക്കൽ സംവിധാനങ്ങളും ചെന്നൈ സെന്‍ട്രലിൽ ഒരുക്കിയിട്ടുണ്ട്.
ബാലസോർ ജില്ലയിലെ ബസാർ സ്റ്റേഷനു സമീപമാണ് അപകടം ഉണ്ടായത്. പാളം തെറ്റി ട്രാക്കിലേക്ക് മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് ചെന്നൈ സെൻട്രലിലേക്ക് പോവുകയായിരുന്ന കൊറമണ്ഡൽ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനു ഇടിച്ച് കയറിയതോടെ ദുരന്തത്തിന്‍റെ ആഘാതമിരട്ടിച്ചു. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിൽ ഒന്നാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അശ്വനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ, ഒഡീശ മുഖ്യമന്ത്രി നവീൻ പട്നാടിക്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ശേഷം ചികിത്സയിലുള്ളവരെ സന്ദർശിക്കുകയും ചെയ്തു.മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ട പരിഹാരം പ്രഖ്യാപിച്ചു. ഗുരുതര പരുക്കുകളോടെ ചികിത്സയിലുള്ളവർക്ക് 2 ലക്ഷം രൂപയും മറ്റുള്ളവർക്ക് 50000 രൂപ വീതവും നൽകും.