ജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ്

0
16

വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീ‍ഡിപ്പിച്ച കേസിൽ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും പിഴയും. പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു. ജീവിതാവസാനം വരെ തടവും 5.25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കുറ്റപത്രത്തിൽ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായും എറണാകുളം ജില്ലാ പോക്സോ കോടതി നിരീക്ഷിച്ചു. മോൻസനെതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്.

കഴി‍ഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായത്. മറ്റു കേസുകളിൽ മോൻസന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ (7,8) പ്രകാരം മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിനു പുറമേ ഐപിസി 370 (പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവയ്ക്കൽ, ഐപിസി 342 (അന്യായമായി തടവിൽ പാർപ്പിക്കൽ), ഐപിസി 354 എ (സ്ത്രീക്കു നേരായ അതിക്രമം), ഐപിസി 376 (ബലാത്സംഗം), ഐപിസി 313 (സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കൽ), ഐപിസി 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്.