നിപ്പ വൈറസ് ഒരു സൂനോട്ടിക് വൈറസ് ആണ്. അതായത് ഇത് മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്നതാണ്. നിപ വൈറസ്, പാരാമിക്സോ വൈറസ് എന്ന ഫാമിലിയിലും ഹെനിപാ വൈറസ് എന്ന ജീനസിലും ഉള്‍പ്പെടുന്നതാണ്. സ്റ്റെറോപസ് ജീനസ്സിലെ വലിയ പഴംതീനി വവ്വാലുകളാണ് ഇവയുടെ സ്വാഭാവിക സംഭരണി.(natural reservoirs)
പകരുന്ന രീതി
ആദ്യമായി മലേഷ്യയിലും പിന്നീട് സിംഗപ്പൂരിനെയും ബാധിച്ച നിപ്പ പകർച്ചവ്യാധി, രോഗമുള്ള പന്നികളുമായും മലിനമായ ടിഷ്യുകളുമായും മനുഷ്യൻ നേരിട്ട് സമ്പർക്കം പുലർത്തിയതിന്റെ ഫലമായിരുന്നു. അതായത്, പന്നികളിൽ നിന്നുള്ള സ്രവങ്ങളുമായി അല്ലെങ്കിൽ രോഗിയായ മൃഗത്തിന്റെ ടിഷ്യുവുമായി സുരക്ഷിതമല്ലാത്ത സമ്പർക്കം വഴിയാണ് സംക്രമണം നടന്നതെന്ന് കരുതുന്നു
വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെയും രോഗം പകരാം.
നിപ്പ വ്യാപനം
ആദ്യമായി വൻതോതിൽ നിപ്പ ഉണ്ടായത് മലേഷ്യയിലും സിംഗപ്പൂരിലും ആണ്. 1998 സെപ്റ്റംബർ മുതൽ 1999 മെയ് വരെയുള്ള കാലഘട്ടത്തില്‍ 276 കേസുകൾ അവിടെ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ, 2001 ലും 2007ലുമായി പശ്ചിമബംഗാളിൽ നിന്നും അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്നും ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
രോഗലക്ഷണങ്ങള്‍ എന്തൊക്കെ?
നിപ്പ വൈറസിന്റെ ഇൻകുബേഷൻ കാലയളവ് (അണുബാധ മുതൽ ലക്ഷണങ്ങളുടെ ആരംഭം വരെയുള്ള ഇടവേള) 4 മുതൽ 14 ദിവസം വരെയാണ്. എന്നിരുന്നാലും, ഇൻകുബേഷൻ കാലയളവ് 45 ദിവസം വരെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
രോഗം ബാധിച്ച ആളുകൾക്ക് തുടക്കത്തിൽ പനി, തലവേദന, പേശിവേദന, ഛർദ്ദി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു. ഇതിനു ശേഷം, അക്യൂട്ട് എൻസെഫലൈറ്റിസ് സൂചിപ്പിക്കുന്ന ന്യൂറോളജിക്കൽ അടയാളങ്ങൾ അതായത് തലകറക്കം, മയക്കം, ബോധക്കേട് എന്നിവ സംഭവിക്കാം. ചില ആളുകൾക്ക് ന്യൂമോണിയയും കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാം. ഗുരുതരമായ കേസുകളിൽ എൻസെഫലൈറ്റിസും അപസ്മാരവുംകാണുകയും തുടര്‍ന്നു 24 മുതൽ 48 മണിക്കൂറിനുള്ളിൽ കോമ സ്റ്റേജിലേക്കു പോകുന്നതായും കാണുന്നു.
അക്യൂട്ട് എൻസെഫലൈറ്റിസിനെ അതിജീവിക്കുന്ന ഭൂരിഭാഗം ആളുകളും പൂർണ്ണമായി സുഖം പ്രാപിക്കുന്നു. പക്ഷേ അതിജീവിച്ചവരിൽ ദീർഘകാല ന്യൂറോളജിക് അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 20% രോഗികൾക്ക് ന്യൂറോളജിക്കൽ അനന്തരഫലങ്ങളും വ്യക്തിത്വ മാറ്റങ്ങളും ഉണ്ടാകാനിടയുണ്ട്. പൊതുവേ, മരണനിരക്ക് 40-75% ആണ്; എന്നിരുന്നാലും, ഈ നിരക്ക് ഓരോ ഔട്ബ്രെകിലും വ്യത്യാസപ്പെടാം, ചിലപ്പോൾ ഇത് 100% വരെ ആകാം.
രോഗം എങ്ങനെ സ്ഥിരീകരിക്കും?
നിപ വൈറസ് അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍ അധികം വ്യക്തമായിരിക്കുകയില്ല, മാത്രമല്ല ആദ്യ സമയത്ത് പലപ്പോഴും നിപ്പ വൈറസ് സംശയിക്കപ്പെടുന്നില്ല. ഇവ കൃത്യമായ രോഗനിർണയം, ഫലപ്രദവും സമയബന്ധിതവുമായ അണുബാധ നിയന്ത്രണ നടപടികൾ, ഔട്ബ്രേയകിനെതിരെയുള്ള പ്രതികരണ പ്രവർത്തനങ്ങൾ എന്നിവയിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നു.
കൂടാതെ, ക്ലിനിക്കൽ സാമ്പിൾ ശേഖരണത്തിന്റെ ഗുണനിലവാരം, അളവ്, തരം, സമയം, ലബോറട്ടറിയിലേക്ക് സാമ്പിളുകൾ കൈമാറാൻ ആവശ്യമായ സമയം എന്നിവ ലബോറട്ടറി ഫലങ്ങളുടെ കൃത്യതയെ ബാധിക്കും.