യാത്രക്കിടെ ട്രെയിനിൽ നിന്നും യുവാവിന് ഗുരുതരമായ പരിക്ക്. ഫെബ്രുവരി 2 വെള്ളിയാഴ്ച മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം വരെ പോവുകയായിരുന്ന മാവേലി എക്സ്പ്രസിൽ നിന്നും ആണ് യാത്രക്കാരൻ വീണത്. കൊല്ലം കരുനാഗപള്ളി തുണ്ടുവിട സ്വദേശി ഡിജോ ഫെർണാണ്ടസ് ആണ് അപകടത്തിൽ പെട്ടത്.
ട്രൈൻ പയ്യന്നൂർ റെയിൽവേസ്റ്റേഷനിൽ എത്തിയപ്പോൾ ഇയാളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ സ്റ്റേഷൻ മാസ്റ്ററെ സംഭവം അറിയിക്കുകയായിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ചെറുവത്തൂരിന്നും പയ്യന്നൂരിന്നും ഇടയിൽ റെയിൽവേ ട്രാക്കിൽ പോലീസും, ഫയർ ഫോഴ്സും നാട്ടുകാരും വ്യാപകമായി തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല.
പിന്നീട് ഫെബ്രുവരി മൂന്നിന് പുലർച്ചെ ആണ് തൃക്കരിപ്പൂർ സെൻ്റ് പോൾസ് സ്കൂളിന് സമീപത്തായി കുറ്റിക്കാട്ടിൽ നിന്നും നാട്ടുകാർ ഇയാളെ കണ്ടെത്തുകയും തൃക്കരിപ്പൂർ ഫയർഫോഴ്സിൽ അറിയിക്കുകയും അവിടെ നിന്നും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പിന്നീട് പയ്യന്നൂർ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ചികിത്സയ്ക്കായി യുവാവിനെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു.