പൊതു വേദിയിൽ അശ്ലീല പദങ്ങൾ ഉപയോഗിച്ചതിന്‍റെ പേരിൽ അറസ്റ്റിലായ യുട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാലിന് സ്റ്റേഷൻ ജാമ്യം. മലപ്പുറം വളാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഐടി ആക്റ്റ് 57 പ്രകാരം കണ്ണപുരം പൊലീസും തൊപ്പിക്കെതിരേ കേസെടുത്തിട്ടുള്ളതിനാൽ ഇയാളെ കണ്ണപുരം പൊലീസിന് കൈമാറും. നിലവിൽ മലപ്പുറം വളാഞ്ചേരി പൊലീസിന്‍റെ കസ്റ്റഡിയിലാണ് തൊപ്പി.
സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ തൊപ്പിക്കെതിരേ ലഭിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ തൊപ്പിയുടെ ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്ത് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്‍റെ പേരിലും കേസെടുത്തിട്ടുണ്ട്. എറണാകുളം എടത്തലയിലെ ഫ്ലാറ്റിൽ നിന്ന് വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്.