കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വി. ഷിനിലാലിന്‍റെ സമ്പർക്ക ക്രാന്തി മികച്ച നോവലിനുള്ള പുരസ്കാരം സ്വന്തമാക്കി. ഡോ. എം.എം. ബഷീർ,എൻ. പ്രഭാകരൻ എന്നിവർ വിശിഷ്ടാംഗത്വം നേടി. ശ്രീ കൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി.സുധീര, ഡോ. രതി സക്സേന, ഡോ. പി.കെ. സുകുമാരൻ എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരങ്ങൾ നൽകിയിരിക്കുന്നത്.
ബി.ആർ.പി. ഭാസ്കറിന്‍റെ ന്യൂസ് റൂമിനാണ് മികച്ച ആത്മകഥാ പുരസ്കാരം. മികച്ച ചെറുകഥ പി.എഫ്. മാത്യൂസിന്‍റെ മുഴക്കം, മികച്ച കവിത എൻ,ജി. ഉണ്ണികൃഷ്ണന്‍റെ കടലാസു വിദ്യ, മികച്ച നാടകം എമിൽ മാധവിയുടെ കുമരു. സാഹിത്യ വിമർശന പുരസ്കാരം എസ്. ശാരദക്കുട്ടിയുടെ എത്രയെത്ര പ്രേരണകൾ, യാത്രാ വിവരണം സി. അനൂപിന്‍റെ ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം, ഹരിത സാവിത്രിയുടെ മുറിവേറ്റവരുടെ പാതകൾ എന്നിവയും നേടി. കെ. ശ്രീകുമാറിന്‍റെ ചക്കരമാമ്പഴത്തിനാണ് മികച്ച ബാലസാഹിത്യ പുരസ്കാരം. ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം.