പുതുപ്പള്ളി വിധിയെഴുത്തുന്നു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ നടക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് രാവിലെ 7ന് ആരംഭിച്ചു. 6 മണിയോടെ മോക്ക് പോളിങ് ആരംഭിച്ച് മണ്ഡലത്തിലെ 182 ബൂത്തുകളിലും കൃത്യസമയത്ത് തന്നെ വോട്ടെടുപ്പ് തുടങ്ങി. എവിടെയും വോട്ടിങ് യന്ത്രത്തിന് തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഉണ്ട്. തെരഞ്ഞെടുപ്പ് നടപടികൾ കലക്‌ട്രേറ്റിലെ കൺട്രോൾറൂമിലൂടെ തത്സമയം നിരീക്ഷിക്കുന്നുണ്ട്. വൈകിട്ട് 6മണിക്കാണ് തെരഞ്ഞെടുപ്പ് അവസാനിക്കുക.

മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി ജെയ്ക് സി. തോമസ് മണർകാട് കണിയാംകുന്ന് ഗവ. എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. വലത് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ 9 മണിക്ക് വോട്ട് രേഖപ്പെടുത്തും. എൻഡിഎ സ്ഥാനാർഥി ലിജിൻലാലിന് മണ്ഡലത്തിൽ വോട്ടില്ല. മണ്ഡലത്തിൽ മൊത്തം 182 ബൂത്തുകളാണുള്ളത്. 1,76,417 മൊത്തം വോട്ടർമാരുള്ളതിൽ 86,132 പുരുഷന്മാരും, 90281സ്ത്രീകളും, 4 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 9 മണിയോടെ 14.78% വോട്ടുകൾ പോൾ ചെയ്തു. ആകെ രേഖപ്പെടുത്തിയ വോട്ടുകൾ: 26083, പുരുഷന്മാർ: 14127, സ്ത്രീകൾ: 11956, ട്രാൻസ്ജെൻഡർ: 0