സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നീക്കം; ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകുന്നതിൽ സിപിഎമ്മിൽ ഭിന്നത

0
31

സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നീക്കം. നവംബറോടെ മന്ത്രിസഭയിൽ അഴിച്ചു പണി ഉണ്ടായേക്കുമെന്നാണ് സൂചന. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നേക്കും. മുൻധാരണ പ്രകാരം ആന്‍റണി രാജുവിനും അഹമ്മദ് ദേവർ കോവിലിനുമാണ് മാറ്റം വരേണ്ടത്.

മുൻധാരണ പ്രകാരം നവംബറോടെ ഗണേഷ് കുമാറിനും കടന്നപ്പള്ളിക്കും മന്ത്രി സ്ഥാനം കൈമാറേണ്ടതാണ്. എന്നാൽ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകുന്നതിൽ സിപിഎമ്മിൽ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ഗതാഗത മന്ത്രി ആന്‍റണി രാജുവിന് പകരമാണ് ഗണേഷ് കുമാർ മന്ത്രി സഭയിൽ എത്തേണ്ടത്. ഗണേഷ് കുമാറിന്‍റെ സർക്കാരിനോടുള്ള സമീപനവും നിലപാടുകളുമെല്ലാം ഇക്കാര്യത്തിൽ ഗണേഷ് കുമാറിന് തിരിച്ചടിയായേക്കും. മാത്രമല്ല, നിലവിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള വകുപ്പുകളിൽ നേരിടുന്ന വലിയ പ്രതിസന്ധിക്കിടെ ഗണേഷ് കുമാറിന് വകുപ്പ് കൈമാറുന്നതിൽ വലിയ എതിർപ്പുകളാണ് പാർട്ടിയിൽ ഉയരുന്നത്.

വനംവകുപ്പ് ഗണേഷിനെ ഏൽപ്പിച്ച്, നിലവിലെ വനംമന്ത്രി എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പ് കൈമാറാനാണ് നീക്കമെന്നും സൂചനയുണ്ട്. സ്പീക്കർ എ.എൻ. ഷംസീർ മന്ത്രി സഭയിലേക്ക് തിരിച്ചെത്തുകയും ആരോഗ്യ മന്ത്രി വീണാ ജോർജ് സ്പീക്കറാവുകയും ചെയ്തേക്കുമെന്നുമുള്ള സൂചനകൾ വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർണായക യോഗം അടുത്തയാഴ്ച ചേരുമെന്നാണ് വിവരം