പൊതുപ്രവർത്തകനും ബിസിനസുകാരനുമായ മലയാളിയുടെ കൊലപാതകത്തിൽ നടുങ്ങി ഡൽഹിയിലെ മലയാളികൾ. ദ്വാരക എസ്എൻഡിപി ശാഖാ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ സ്വദേശി പി.പി. സുജാതന്‍റെ (60) കൊലപാതകം കവർച്ച ലക്ഷ്യമിട്ടാണെന്നാണു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഡൽഹി പൊലീസിലെ ക്രൈംബ്രാഞ്ചാണ് സംഭവം അന്വേഷിക്കുന്നത്. സംശയിക്കുന്ന ചിലരുടെ ഫോട്ടോകൾ പൊലീസ് ബന്ധുക്കളെ കാണിച്ചെങ്കിലും സൂചനകൾ ലഭിച്ചിട്ടില്ല.
40 വർഷമായി ഡൽഹിയിൽ താമസിക്കുന്ന സുജാതൻ മുൻപ് ഹോട്ടൽ നടത്തിയിരുന്നു. പിന്നീടാണ് അടുക്കള ഉപകരണങ്ങളുടെ ബിസിനസിലേക്ക് മാറിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ അത്താഴം കഴിച്ച ശേഷമാണ് ജയ്പുരിലേക്ക് പുറപ്പെട്ടതെന്നു ബന്ധുക്കൾ പറയുന്നു. ബസിൽ ജയ്പുരിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ശിവാനി എൻക്ലേവിലെ വീട്ടിൽ നിന്നിറങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ സുജാതൻ അക്രമികളുടെ പിടിയിൽ അകപ്പെട്ടിരിക്കാം എന്നാണു പ്രാഥമിക സൂചന. വീടിനടുത്ത് കക്രോള മോഡിനു സമീപം തിരുപ്പതി പബ്ലിക് സ്കൂളിന്‍റെ അടുത്തുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്.