സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാക്കും. വടക്കൻ കേരളത്തിലായിരിക്കും തുലാവർഷം ആദ്യം സജീവമാക എന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇതു പ്രകാരം ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
നാളെ ഈ ജില്ലകൾക്കു പുറമേ കണ്ണൂരിലും യെലോ അലർട്ടുണ്ട്. ഇതോടൊപ്പം ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തിനും ലക്ഷദ്വീപിനും തമിഴ്നാടിനും മുകളിൽ ചക്രവാതച്ചുഴി നിൽക്കുന്നതിനാൽ ഈ മാസം 12-ാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ പ്രതീക്ഷിക്കുന്നത്. രണ്ടുദിവസത്തിനകം കാലവർഷം പിൻവാങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 09-10-2023 രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.