‘കുറുപ്പ്’ തിയറ്ററിലെത്തുന്നു; റിലീസ് പ്രഖ്യാപിച്ച് ദുല്‍ഖര്‍

സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ ആരാധകർ ഏറെ നാളായി കാത്തിരുന്ന ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പി’ന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകർ ​പുറത്തുവിട്ടു. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം ചർച്ച ചെയ്യുന്ന ചിത്രം നവംബർ 12 നാണ് റിലീസ് ചെയ്യുന്നത്. നടൻ ദുല്‍ഖർ സൽമാൻ തന്നെയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. 35 കോടി മുടക്കുമുതലിൽ ഒരുങ്ങുന്ന ചിത്രം വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് നിർമിക്കുന്നത്.

ചിത്രത്തിലെ നായികയായി വേഷമിടുന്നത് മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലാണ്. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.