മകളുടെ മൃതദേഹം അഞ്ചുവർഷത്തോളം കുളിമുറിയിൽ സൂക്ഷിച്ച കേസിൽ അമ്മയുടെ ശിക്ഷ അപ്പീൽ കോടതി ശരിവച്ചു

0
20

കുവൈത്ത് സിറ്റി: മകളെ ടോയ്‌ലറ്റിൽ പൂട്ടിയിടുകയും പിന്നീട് അവർ മരണപ്പെട്ട ശേഷം മൃതദേഹം അഞ്ച് വർഷത്തോളം അവിടെ സൂക്ഷിക്കുകയും ചെയ്ത കുറ്റത്തിന് കുവൈത്ത് സ്വദേശിയായ അമ്മയുടെ  ജീവപര്യന്തം ശിക്ഷ അപ്പീൽ കോടതി ശരിവച്ചു. കഴിഞ്ഞ മെയ് മാസത്തിൽ ക്രിമിനൽ കോടതി ആയിരുന്നു ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.  ക്രിമിനൽ വിചാരണയ്ക്കിടെ സ്ത്രീ താൻ നിരപരാധിയാണെന്ന് വാദിച്ചു. ഒരു ദിവസം മകളെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും നിയമ പ്രശ്നങ്ങൾ ഭയന്ന് വിവരം അധികൃതരെ അറിയിക്കാതെ മൃതദേഹം സൂക്ഷിച്ചുവെക്കുകയായിരുന്നു എന്നാണ് ഇവർ അവകാശപ്പെട്ടത്.

അതേസമയം 2012 മുതൽ മകളെ കുടുംബത്തിന്റെ വീടിനുള്ളിലെ ഒരു ചെറിയ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു.

സഹോദരിയെ തടവിലാക്കിയതായി അമ്മ തന്നോട് പറഞ്ഞതായി പ്രതിയുടെ മകനും വെളിപ്പെടുത്തിയിരുന്നു. തടവിലാക്കിയ സഹോദരിയെ കൂട്ടിക്കൊണ്ടുപോയി കുടുംബവീട്ടിൽ നിന്ന് മാറി താമസിക്കുമെന്ന് പറഞ്ഞതിന് ശേഷമാണ് അവളുടെ മരണവാർത്ത അമ്മ തന്നോട് പറഞ്ഞതെന്നും പ്രതിയുടെ മകൻ പറഞ്ഞു.