കുവൈത്ത് സിറ്റി: നിയുക്ത പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-നവാഫ് അൽ-സബാഹ്, മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി എംപി മാരുമായി നടത്തുന്ന കൂടിക്കാഴ്ചകള്‍ തുടരുന്നു. തിങ്കളാഴ്ച ചൊവ്വ ദിവസങ്ങളിലായി വ്യത്യസ്ത രാഷ്ട്രീയ ഗ്രൂപ്പുകളില്‍ നിന്നുള്ള 15 വീതം എംപിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഗുണപ്രദമായിരുന്നെന്ന് എംപി ഹാനി ഷംസ് പറഞ്ഞു. പൗരത്വം റദ്ദാക്കൽ, ബദൗനുകളുടെ വിഷങ്ങള്‍, രാഷ്ട്രീയ തടവുകാർക്ക് അമീരി മാപ്പ് എന്നിവ വിഷയങ്ങളിൽ ചർച്ചചെയ്തതായി അദ്ദേഹം പറഞ്ഞു.
കുവൈത്തികളുടെ ശമ്പളം വർധിപ്പിക്കണമെന്നും വിരമിച്ചവരുടെ മിനിമം പെൻഷൻ പ്രതിമാസം 1000 കെഡിയായി ഉയർത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി എംപി ഖലീൽ അൽ സലേഹും പറഞ്ഞു. യുവ ബിരുദധാരികൾക്ക് ജോലി നൽകുന്നതിന് സമഗ്രമായ പദ്ധതി തയ്യാറാക്കുന്നതിനൊപ്പം പൗരന്മാർ എടുത്ത ബാങ്ക് വായ്പകളുടെ പരിഹാരം കാണാനും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.