കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 29നു നടക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനത്തില്‍ കുവൈത്ത് കിരീടാവകാശി ശെയ്ഖ് മിശാല്‍ അല്‍ അഹ്മദ് അല്‍ സബാഹ് ഒപ്പുവെച്ച് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതായി ജനറല്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് എലക്ഷന്‍ അഫയേഴ്‌സ് അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 29നു വോട്ടെടുപ്പ് നടത്താന്‍ കഴിഞ്ഞ ആഴ്ച ചേർന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടി പൂർത്തിയാക്കാൻ വൈകിയതാണ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം വൈകാൻ കാരണമായത്.
തിങ്കളാഴ്ച മുതല്‍ സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം . പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബര്‍ ഏഴാണ്. തെരഞ്ഞെടുപ്പ് തീയതിക്ക് ഏഴ് ദിവസം മുമ്പ് വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ടാകും.
തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വോട്ടെടുപ്പ് ദിനം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു